ചപ്പാത്തിയോ ചോറോ; രാത്രിയില്‍ കഴിക്കാൻ അനുയോജ്യമായ ഭക്ഷണം ഏത്?

കോട്ടയം: അത്താഴത്തിന് സാധാരണയായി രണ്ട് പ്രധാന ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്

ചപ്പാത്തി അല്ലെങ്കില്‍ ചോറ്. രണ്ടും വൈവിധ്യമാർന്നതും, കൂടുതലായി ആളുകള്‍ കഴിക്കുന്നതും, ഇന്ത്യൻ അടുക്കളകളില്‍ സ്ഥിര സാന്നിധ്യം നേടിയവയുമാണ്.

എന്നാല്‍, ദിവസത്തിലെ അവസാന ഭക്ഷണം ആസൂത്രണം ചെയ്യുമ്ബോള്‍, ദഹനത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. വയർ നിറഞ്ഞ അത്താഴം നിങ്ങളെ വീർപ്പുമുട്ടിക്കുകയോ, മന്ദത അനുഭവപ്പെടുകയോ, അല്ലെങ്കില്‍ ഉറക്കത്തെ തടസപ്പെടുത്തുകയോ ചെയ്തേക്കാം.

അതുകൊണ്ടാണ് രാത്രിയില്‍ ചപ്പാത്തിയോ അതോ ചോറോ കഴിക്കുന്നതാണ് നല്ലതെന്ന് പലരും ചോദിക്കുന്നത്. രണ്ടും കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമാണെങ്കിലും, നാരുകളുടെ അളവ്, സംതൃപ്തി, ദഹന വേഗത എന്നിവയില്‍ അവ വ്യത്യാസപ്പെട്ടിരിക്കുന്നു. ജീവിതശൈലിക്കും ആരോഗ്യ ലക്ഷ്യങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായത് എന്താണെന്ന് നോക്കാം.

സാധാരണയായി ഗോതമ്ബ് അല്ലെങ്കില്‍ മള്‍ട്ടിഗ്രെയിൻ മാവ് ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ചപ്പാത്തിയില്‍ നാരുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ സാവധാനത്തില്‍ ദഹിക്കുന്നുവെന്ന് 2018 ലെ ഒരു ഗവേഷണ പ്രബന്ധം പറയുന്നു. ഈ മന്ദഗതിയിലുള്ള ദഹനം കൂടുതല്‍ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും ഊർജം പുറത്തുവിടുന്നത് സ്ഥിരപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

ദീർഘനേരം വയറു നിറയുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു എന്നിവയൊക്കെയാണ് രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍. എന്നിരുന്നാലും, അസിഡിറ്റിക്ക് സാധ്യതയുള്ളവർക്കോ ദഹനക്കുറവുള്ളവർക്കോ, രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് അത്ര നല്ലതല്ല.