ദേശീയപാത ഉപരോധിച്ച്‌ എസ്‌എഫ്‌ഐ; നേരത്തെ മടങ്ങി ഗവര്‍ണര്‍; വഴിയില്‍ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി; സമരം വ്യാപിപ്പിക്കും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്‌എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെ സെമിനാറില്‍ പങ്കെടുത്ത് നേരെ കരിപ്പൂരിലെ വിമാനത്താവളത്തിലേക്ക് മടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

നേരത്തെ സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയശേഷം രാത്രി 7.05ഓടെ ഗവര്‍ണര്‍ പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി സെമിനാറില്‍ പങ്കെടുത്തശേഷം ഗവര്‍ണര്‍ നേരെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു.

ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച്‌ നടത്തി. ദേശീയ പാത ഉപരോധിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

ഇതിനിടയിലാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിയത്. ആറെ കാലോടെ ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തി.