നെയ്യാറ്റിൻകര സമാധി വിവാദം; കല്ലറ പൊളിക്കുന്നതിൽ പ്രതിഷേധിച്ച കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ച് നീക്കി പോലീസ്; സംഭവ സ്ഥലത്തെ സംഘർഷാവസ്ഥ ചൂണ്ടിക്കാട്ടി കല്ലറ പൊളിക്കുന്നത് മാറ്റിവെച്ചു; നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റം; സ്ഥലത്ത് നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ മരണത്തിൽ കല്ലറ പൊളിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചു. സ്ഥലത്തെ ക്രമസമാധാനം ചൂണ്ടിക്കാട്ടിയാണ് ഇന്ന് കല്ലറ പൊളിക്കുന്നത് മാറ്റിവെച്ചത്. പ്രദേശത്ത് സംഘാവസ്ഥ തുടരുകയും നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.

സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

സമാധി സ്ഥലം സന്ദർശിച്ച സബ് കളക്ടറാണ് കല്ലറ പൊളിക്കാനുള്ള തീരുമാനം എടുത്തത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറങ്ങിയിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപന്റെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.