ബംഗളൂരു: രാജ്യത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളുടെ പട്ടികയില്‍ പുതിയതായി ആരംഭിക്കാന്‍ പോകുന്ന സര്‍വീസിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായി.
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നത്. ഇതിന്റെ ട്രയല്‍ റണ്‍ റെയില്‍വേ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
മറ്റ് ട്രെയിനുകള്‍ പത്ത് മണിക്കൂര്‍ മുതല്‍ മുകളിലേക്കാണ് സമയമെടുക്കുന്നതെങ്കില്‍ വന്ദേഭാരതില്‍ എട്ട് മണിക്കൂര്‍ കൊണ്ട് മധുരയില്‍ നിന്ന് ബംഗളൂരുവിലെത്താം.
നേരത്തെ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 20ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നായിരുന്നുവെങ്കിലും സന്ദര്‍ശനം മാറ്റിവെച്ചതോടെ ഫ്‌ളാഗ് ഓഫ് ചടങ്ങും മാറ്റിവച്ചിരിക്കുകയാണ്.
പ്രധാന വ്യവസായ നഗരങ്ങളായ ബെംഗളുരുവിനെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വന്ദേ ഭാരതിന് വെറും എട്ടു മണിക്കൂര്‍ സമയം മതി ഓടിയെത്താന്‍. യാത്രക്കാര്‍ക്ക് കുറഞ്ഞത് ഒന്നര മണിക്കൂറാണ് സമയം ലാഭിക്കാവുന്നത്.
ബംഗളൂരു – മധുര വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തില്‍ രാവിലെ 5:15നു മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:15നു ബംഗളൂരു ബയ്യപ്പനഹള്ളിയിലെ എസ്‌എംവിടി ടെര്‍മിനലിലെത്തി. തിരികെ ബംഗളൂരു എസ്‌എംവിടിയില്‍ നിന്ന് ഉച്ചയ്ക്ക് 1:45ന് പുറപ്പെട്ടു രാത്രി 10: 25നു വന്ദേഭാരത് മധുരയിലെത്തി.
