ഗാര്‍ഹിക പീഡനം നിയമവിധേയമാക്കി താലിബാന്‍; ഭാര്യയെ ഭർത്താക്കന്മാർക്ക് ഉപദ്രവിക്കാം, ഭാര്യയുടെ എല്ലൊടിഞ്ഞാല്‍ മാത്രം ഭര്‍ത്താവിന് ശിക്ഷ

താലിബാൻ ഭരണകൂടത്തിന്റെ പുതിയ നിയമങ്ങൾ സ്ത്രീകൾക്ക് വീണ്ടും തിരിച്ചടിയാകുകയാണ്. പുതിയ നിയമപ്രകാരം ഗാർഹിക പീഡനം താലിബാൻ നിയമവിധേയമാക്കി. ഭാര്യയെ ഭർത്താക്കന്മാർക്ക് ഉപദ്രവിക്കാം, എന്നാൽ എല്ലൊടിയുകയോ പ്രത്യേക്ഷത്തിൽ മുറിവുകൾ കാണപ്പെടുകയോ ചെയ്യരുതെന്നാണ് നിയമത്തിൽ പറയുന്നത്. ഇവരുടെ കുട്ടികളെയും ഇത്തരത്തില്‍ ശിക്ഷിക്കാം. താലിബാൻ്റെ പ്രധാന നേതാവായ ഹിബത്തുള്ള അഖുൻസാദയാണ് പുതിയ പീനൽ കോഡിന് അംഗീകാരം നൽകിയത്. ശിക്ഷാവിധികളിലും കുറ്റവാളിക്ക് സമൂഹത്തിലുള്ള പ്രതിച്ഛായ അനുസരിച്ച് മാറ്റമുണ്ട്. പരാതിക്കാരി കോടതിയിൽ താൻ നേരിട്ട അതിക്രമം വിജയകരമായി തെളിയിച്ചാൽ മാത്രമേ പ്രതിക്ക് ശിക്ഷ ലഭിക്കുകയുള്ളു. ശരീരം മുഴുവനായി മറച്ച് ജഡ്ജിക്ക് മുമ്പാകെ ഇരയ്ക്ക് മുറിവുകൾ കാണിക്കാം. കോടതിയില്‍ സ്ത്രീകള്‍ക്ക് ഒപ്പം ഭർത്താവ് അല്ലെങ്കില്‍ അകമ്പടിയായി കുടുംബത്തിലെ മറ്റൊരു പുരുഷന്‍ നിർബന്ധമായും ഉണ്ടാകണം.

പീനൽ കോഡിലെ ആർട്ടിക്കിൾ 9ൽ അഫ്ഗാൻ സമൂഹത്തെ നാല് തരത്തിലാണ് വിഭജിച്ചിരിക്കുന്നത്. മതപണ്ഡിതന്മാർ, വരേണ്യ വിഭാഗം, മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണത്. ഇതനുസരിച്ച് ശിക്ഷയിൽ മാറ്റം വരും. മതപണ്ഡിതനാണ് കുറ്റവാളിയെങ്കിൽ അയാളെ ഉപദേശം നൽകി വിട്ടയയ്ക്കും. ഇനി വരേണ്യവിഭാഗമാണെങ്കിൽ അവരെ കോടതിയിൽ വിളിച്ചുവരുത്തി ഉപദേശിക്കും. മധ്യവർഗത്തിൽപ്പെട്ട ആൾക്ക് ജയിൽ ശിക്ഷ ലഭിക്കും. ഏറ്റവും ഒടുവിലത്തെ വിഭാഗത്തിൽപ്പെട്ടവർക്ക് ജയിൽവാസത്തിനൊപ്പം ചാട്ടവാറടിയും ലഭിക്കും. ശാരീരകമായുള്ള ശിക്ഷ നടപ്പാക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാരായിരിക്കും.

അതേസമയം ഭർത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകൾ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്നു മാസം വരെ ജയിലഴിക്കുള്ളിലാകും. സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പൂർണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് താലിബാൻ ഭരണകൂടം ഏർപ്പെടുത്തുന്നത്.