പഴയ 100 രൂപ നോട്ടുകള്‍ ഇനി എടിഎമ്മുകളില്‍ ലഭിക്കില്ല; പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍

കോട്ടയം: പഴയ 100 രൂപ നോട്ടുകള്‍ ഇനി എടിഎം കൗണ്ടറുകള്‍ വഴി ലഭിക്കില്ല.

ഇവയുടെ ഉപയോഗവും പ്രചാരവും ക്രമേണ പരിമിതപ്പെടുത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ച്‌ കഴിഞ്ഞു. പകരം പുതിയ സീരീസിലെ നോട്ടുകള്‍ പ്രോത്സാഹിപ്പിക്കും

പുതിയ ഗാന്ധി സീരീസിന് മുൻപ് അച്ചടിച്ച 100 രൂപ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായാണ് നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് ഒഴിവാക്കുന്നത്. പകരം പുതിയ സീരീസ് 100 രൂപ നോട്ടുകള്‍ മാത്രമേ എടിഎമ്മുകള്‍ വഴി വിതരണം ചെയ്യാവൂ എന്ന് ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നിർദേശം നല്‍കിക്കഴിഞ്ഞു.

എടിഎമ്മുകളില്‍ നിറയ്ക്കുന്ന മൊത്തം കറൻസികളില്‍ 10 ശതമാനം 100 രൂപയുടെ പുതിയ നോട്ടുകള്‍ ആയിരിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. നിലവില്‍ പഴയ 100 രൂപ നോട്ടുകള്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തടസങ്ങള്‍ ഒന്നും ഇല്ല.
അതേസമയം ടോള്‍ ബൂത്തുകള്‍ അടക്കമുള്ള ചില മേഖലകളില്‍ 100ന്‍റെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്.