പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ശിക്ഷയ്ക്ക് മേല്‍ വാദം പൂര്‍ത്തിയായി. പ്രതിയെ നാളെ ഓണ്‍ലൈനായി ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത്. ഇയാള്‍ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഇനിയും കുറ്റകൃത്യം നടത്താന്‍ സാധ്യതയുണ്ട്. പ്രതിക്ക് മാനസാന്തരം ഉണ്ടാകാന്‍ സാധ്യതയില്ല. പുഷ്പ, ശിവരാജന് തുടങ്ങിയ അയല്‍വാസികള്‍ക്ക് പ്രതിയില്‍ നിന്ന് ഭീഷണിയുണ്ട്. മറ്റുള്ളവരുടെ സുരക്ഷ പരിഗണിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജെ വിജയകുമാര്‍ കോടതിയില്‍ പറഞ്ഞു.
പ്രതിക്കെതിരെ സാഹചര്യ തെളിവുകള്‍ മാത്രമാണ് ഉള്ളതെന്നും നേരിട്ട് കണ്ട ദൃക്സാക്ഷികള്‍ ഇല്ലെന്നും പ്രതിഭാഗം അഭിഭാഷകന് ജേക്കബ് മാത്യു പറഞ്ഞു. സംശയത്തിന്റെ സാഹചര്യം കേസില്‍ നിലനില്‍ക്കുന്നുണ്ടെന്നും പരമാവധി കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നും ചെന്താമരയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ഇതിന് പിന്നാലെയായിരുന്നു ശിക്ഷാവിധി നാളെ പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
