നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കാസർഗോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. അപകടത്തിൽ നാല് പേരാണ് ഇതുവരെ മരിച്ചത്.

ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ നൂറിലേറെ പേർ ചികിത്സയിലാണ്. 30 ഓളം പേര്‍ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാ​ഗ​ത്തിൽ ചികിത്സയിൽ തുടരുകയാണ്.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. 154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.