നെടുംകുന്നം: പഞ്ചായത്തിലെ കൊഴുങ്ങാലൂർ ചിറ സ്മാർട്ടാകുന്നു. 10 ലക്ഷം രൂപ ചെലവഴിച്ച് ചിറയുടെ വശങ്ങൾ കെട്ടി ചുറ്റും ടൈലുകൾ പാകി കൈവരികൾ സ്ഥാപിച്ചു. നിർമാണം പൂർത്തിയാകാത്തതിനാൽ പഞ്ചായത്ത് 6 ലക്ഷം കൂടി ചെലവഴിക്കും.
ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് വിഹിതം കൂടി ലഭിച്ചാൽ ചിറ സ്മാർട്ടാകും. അരയേക്കർ സ്ഥലത്താണ് കൊഴുങ്ങാലൂർ ചിറയുള്ളത്. പ്രഭാതസവാരിക്കും വ്യായാമത്തിനും ചിറയിൽ സൗകര്യം ഒരുക്കും.
വശങ്ങളിൽ ഇരിപ്പിടങ്ങൾ, ഉദ്യാനം, കുട്ടികളുടെ പാർക്ക് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും ആലോചനയുണ്ട്. വൈകുന്നേരങ്ങളിൽ ആളുകൾക്ക് ഒത്തുകൂടാനും വിശ്രമിക്കാനും സൗകര്യമൊരുക്കും. വർഷങ്ങളായി ചിറ നവീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും വിജയം കണ്ടില്ല.
5 വർഷം മുൻപ് ചിറയിൽനിന്നു മണ്ണും ചെളിയും മാലിന്യവും കോരി മാറ്റിയെങ്കിലും തുക ഇല്ലാത്തതിനാൽ നവീകരണം നടന്നില്ല.ഇതിനു ശേഷം കഴിഞ്ഞ വർഷമാണ് ചിറ നവീകരിക്കാൻ പഞ്ചായത്ത് മുൻകൈ എടുത്തത്.
