ഭര്‍ത്താവുമായി വഴക്കിട്ട് കിടപ്പുമുറിയില്‍ കയറി തീകൊളുത്തിയ യുവതി മരിച്ചു; ഗുരുതര പൊള്ളലേറ്റ മക്കള്‍ ചികിത്സയില്‍

പാലക്കാട്: ഭർത്താവുമായി വഴക്കിട്ട് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു.

ചെറുകോട് മുണ്ടാത്തുപറമ്പില്‍ പ്രദാപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്.
ഇവരുടെ മക്കളായ നിഖ (12), നിവേദ (എട്ട്) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെയാണ് വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ ഇവരെ കണ്ടെത്തിയത്.
ജോലി സംബന്ധമായി വടകരയിലാണ് പ്രദീപ് താമസിച്ചിരുന്നത്. രണ്ട് മാസം കൂടുമ്പോള്‍ മാത്രമേ നാട്ടില്‍ വരാറുള്ളു. ഇന്ന് പുലർച്ചെ ഫോണില്‍ സംസാരിക്കുന്നതിനിടെ ബീനയും പ്രദീപും തമ്മില്‍ വഴക്കുണ്ടായി. ഇതിന് പിന്നാലെയാണ് പുലർച്ചെ 2.30ഓടെ ബീന വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കയറി തീകൊളുത്തിയത്.

ഈ സമയം മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മക്കള്‍ക്കും പരിക്കേറ്റു. മൂന്നുപേരെയും തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകള്‍ നിഖയ്‌ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നിവേദയുടെ പരിക്ക് ഗുരുതരമല്ല.

ബീനയുടെയും പ്രദീപിന്റെയും പ്രണയ വിവാഹമായിരുന്നു. പ്രദീപിന്റെ പിതാവ് രാമൻ, മാതാവ് ചന്ദ്രമതി, ഇളയ സഹോദരൻ പ്രജിത്ത്, ഭാര്യ സ്‌നേഹ എന്നിവരും ഈ വീട്ടില്‍ തന്നെയാണ് താമസം. സംഭവത്തില്‍ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.