കണ്ണൂർ: അന്വേഷണം ശരിയായ രീതിയില്‍ അല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ.ജോണ്‍ എസ്.റാല്‍ഫ്.
കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില് വാദം പൂർത്തിയായതിന് പിന്നാലെയാണ് അഭിഭാഷകൻ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ല പോകുന്നത് എന്ന് വെളിവാകുന്ന സമയത്ത് സിബിഐ അന്വേഷണം ആവശ്യപ്പെടും.
പ്രശാന്തൻ ഒരു സർക്കാർ ജീവനക്കാരനാണ്. അദ്ദേഹത്തിന് എങ്ങനെയാണ് പെട്രോള്‍ പമ്പ് തുടങ്ങാൻ പറ്റുക? ആ കാരണത്താലാണല്ലോ അദ്ദേഹത്തെ ഇപ്പോള്‍ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അങ്ങനെ ഒരാള്‍ക്ക് പെട്രോള്‍ പമ്പിന് അനുമതി നല്‍കണം എന്ന് പ്രതിക്ക് എങ്ങനയാണ് പറയാൻ പറ്റുക – അഭിഭാഷകൻ ചോദിച്ചു.
