പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂസ് എറിഞ്ഞത് വൈകാരിക പ്രതിഷേധമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

 

എറണാകുളം : ഷൂസ് എറിഞ്ഞത് സമരമാര്‍ഗമല്ലെന്നും ഇത് തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പോകവെ ഓടക്കാലിയില്‍ വച്ചാണ് ബസിന് നേരരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂസ് എറിഞ്ഞത്.

ഇത് ബസിന്റെ ചില്ലില്‍ വന്ന് പതിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ ഏഴ് കെഎസ്‌യു പ്രവര്‍ത്തകരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പരിക്കുകളോടെ പൊലീസ് പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കു നേരെ കൈയേറ്റ ശ്രമമുണ്ടായി. എംഎല്‍എയെ രക്ഷിക്കാൻ ശ്രമിച്ച ഡ്രൈവര്‍ക്ക് പരിക്കേറ്റു.

കരിങ്കൊടി കാണിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോതമംഗലം ഇരുമലപ്പടിയില്‍ മര്‍ദ്ദിച്ച്‌ കനാലിലേക്ക് തള്ളിയിട്ടു. അതേസമയം, ബസിന് നേരെയുണ്ടായ ഷൂസ് ഏറ് തുടര്‍ന്നാല്‍ സര്‍ക്കാരിന് നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി കോതമംഗലത്തെ സദസില്‍ പറഞ്ഞിരുന്നു. സദസിന് എത്തിയവര്‍ ഒന്ന് ഊതിയാല്‍ പ്രതിഷേധക്കാര്‍ പറന്നുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.