നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത സംഭവം: നേര്യമംഗലം സ്വദേശിയെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത കേസിൽ നേര്യമംഗലം സ്വദേശി റോബിൻസൺ ജോസഫ് (32) നെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 31 ആം തീയതി രാത്രിയോടുകൂടി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ വാതിലും, ജനലുകളും അടിച്ചുതകർക്കുകയായിരുന്നു.

സംഭവത്തിനുശേഷം ഇവർ ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ. ശ്രീജിത്ത്, എസ്.ഐ നെൽസൺ സി.എസ്, സി.പി.ഓ മാരായ അജിത്ത്, അജേഷ്, അനിക്കുട്ടൻ, വിവേക് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു.