എൻ വി വെെശാഖനെ ഡി വെെ എഫ് ഐ തൃശൂ‌ര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; പകരക്കാരനായി വി പി ശരത്ത് പ്രസാദ്

തൃശൂര്‍: ഡി വെെ എഫ് ഐ തൃശൂ‌ര്‍ ജില്ലാ സെക്രട്ടറിയായി വി പി ശരത്ത് പ്രസാദിനെ തിരഞ്ഞെടുത്തു.

എൻ വി വെെശാഖനെ മാറ്റിയാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
വെെശാഖനെതിരെ സംഘടനാഭാരവാഹിയുടെ പരാതിയുണ്ടായതിനെ തുടര്‍ന്നാണ് സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നതെന്നാണ് വിവരം.

ഡി വെെ എഫ് ഐയുടെ ജോ.സെക്രട്ടറിയായിരുന്നു വി പി ശരത്ത് പ്രസാദ്. കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കെെക്കൊണ്ടത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് വനിതാ നേതാവിന്റെ പരാതിയില്‍ ജില്ലാ കമ്മിറ്റിയുടെ ചുമതലയില്‍ നിന്ന് വെെശാഖനെ മാറ്റിയത്. നിര്‍ബന്ധിത അവധിയെടുത്ത് അദ്ദേഹം ചികിത്സയില്‍ പോവുകയായിരുന്നു. പിന്നാലെ സി പി എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വെെശാഖനെ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയിരുന്നു.

ഈ സമയത്ത് ശരത്തിന് തന്നെയായിരുന്നു താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. ആരോപണമുണ്ടായതിനെ തുടര്‍ന്ന് എൻ വി വെെശാഖനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റാൻ സി പി എം ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു. ഡി വെെ എഫ് ഐ ജില്ലയില്‍ ആരംഭിച്ച ജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു.