മൂന്നാറില്‍ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉള്‍പ്പെടുത്തി 17066.49 ഏക്കർ ഭൂമി സംരക്ഷിത വനമാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍; നടപടികളില്‍ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി

കട്ടപ്പന: മൂന്നാറില്‍ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉള്‍പ്പെടുത്തി 17066.49 ഏക്കർ ഭൂമി സംരക്ഷിത വനമാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍.

നടപടികളില്‍ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു.
ജില്ലയുടെ ആകെ ഭൂവിസ്തൃതിയുടെ പകുതിയിലേറെ നിലവില്‍ വനമാണ്. ഇതു വീണ്ടും വർധിപ്പിക്കാനുള്ള ഗൂഢ നീക്കമാണ് ഇടതുസർക്കാർ നടത്തുന്നത്.

സൂര്യനെല്ലിയിലും ചെങ്കുളത്തും ചിന്നക്കനാലിലും ആനയിറങ്കലിലും കുമളിയിലും പിണറായി സർക്കാർ 1837 ഏക്കർ ഭൂമി സംരക്ഷിത വനമായി വിഞ്ജാപനം ചെയ്തത് കൂടാതെയാണ് മുന്നാറില്‍ കണ്ണൻ ദേവൻ റിസർവെന്ന പേരില്‍ കഴിഞ്ഞ വിഎസ് സർക്കാർ കരട് വിഞ്ജാപനമിറക്കിയത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമായിരുന്നു അന്ന് മന്ത്രി. ജില്ലയില്‍ ഒരിഞ്ചുപോലും വനവിസ്തൃതി വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രസംഗിക്കുകയും അതീവ രഹസ്യമായി ജനവാസ മേഖലകള്‍ വനമാക്കി മാറ്റുകയുമാണ് ഇടതുസർക്കാർ ചെയ്യുന്നത്.

ജില്ലയിലെ ഇടതുനേതാക്കള്‍ ഇതിന് ഒത്താശ ചെയ്യുകയാണ്. വനം വകുപ്പിന്‍റെ 2021 – 22 വർഷത്തെ ഭരണറിപ്പോർട്ടില്‍ മൂന്നാർ ഡിവിഷന് കീഴില്‍ സംരക്ഷിത വനമാക്കാനുള്ള 71.999 ചതുരശ്ര കിലോമീറ്റർ ഭൂമിയുടെ കാര്യം പറഞ്ഞിരുന്നു. ഈ ഭൂമി എവിടെയാണെന്ന് ചോദിച്ച്‌ വിവരാവകാശ നിയമപ്രകാരം മൂന്നാർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കിയപ്പോഴാണ് ഈ റിസർവിന്‍റെ കാര്യം പുറത്തറിയുന്നത്.