തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുക ലക്ഷ്യം; ഹരിയാന സ്വദേശിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെസി വേണുഗോപാല്‍

ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കെസി വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വര്‍ഷം കഴിഞ്ഞ് 2026ല്‍ മാത്രമാണ് ഉയര്‍ന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാര്‍ത്ത വരികയും ചെയ്തു.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ മൂര്‍ധന്യത്തിലേക്ക് കടക്കുമ്പോഴാണ് ഇതുവരെ ഇല്ലാതിരുന്ന ആരോപണം പൊട്ടിമുളച്ചതെന്നും അതിന് വ്യാപകമായ പ്രചാരണവും നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാനുള്ള ഗൂഢാലോചന പരാതിക്ക് പിന്നിലുണ്ടെന്നും ദീര്‍ഘകാലമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന താന്‍ കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ യശസ് തകര്‍ക്കാന്‍ പരാതിക്കാരന് ലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായും കെസി വേണുഗോപാൽ വ്യക്തമാക്കി.