കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി.
ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് പൗരത്വം പോലും നിഷേധിച്ച് രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ വഖഫിനെക്കുറിച്ചു ദുഷ്പ്രചാരണം നടത്തുന്നതില്‍ അത്ഭുതമില്ലെന്നും വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ടെന്നും സംഘടന പറഞ്ഞു.
രാജ്യത്തെ നിയമത്തിന് മുകളിലല്ല മറ്റൊന്നും. മുനമ്പത്തെ വഖ്ഫ് വിഷയത്തിന് നിയമപരമായ പരിഹാരം കാണുന്നതിന് പകരം വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് ഒരു സമുദായത്തെയും മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
നുണപ്രചാരണങ്ങളിലൂടെ വഖഫിന്റെ ഒരു സെന്റ് ഭൂമി പോലും സ്വന്തമാക്കാമെന്ന് ഇത്തരക്കാര്‍ കരുതേണ്ടതില്ലെന്നും പവിത്രമായ വഖഫ് ഭൂമിയില്‍ റിസോര്‍ട്ട്-ബാര്‍ മാഫിയകള്‍ മുതല്‍ അനാശാസ്യ കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കാന്‍ വിശ്വാസികള്‍ക്കാവില്ലന്നും തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള വഖഫ് സംരക്ഷണത്തിനും നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും ഇവര്‍ പറഞ്ഞു.
