കുടകിൽ ട്രക്കിങ്ങിനിടെ കോഴിക്കോട് സ്വദേശിനിയെ കാണാതായ സംഭവം; ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തിരച്ചിൽ സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ. ശരണ്യയുടെ കയ്യിലുണ്ടായിരുന്ന വസ്ത്രത്തെ കുറിച്ചോ, ഭക്ഷണമോ അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരണ്യയുടെ മൊബൈൽ ഫോൺ റേയ്ഞ്ചിനെ കുറിച്ച് വിവരമില്ല. നിലവിൽ ഡ്രോൺ ഉപയോ​ഗിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. പൊലീസും ഫോറസ്റ്റും സംയുക്തമായാണ് പരിശോധന നടത്തുന്നത്. മൊബൈൽ ഫോൺ സ്വിച്ചോഫാണ്. ആദ്യമായാണ് ഇത്തരത്തിലുള്ളൊരു മിസിം​ഗ് കേസ് റിപ്പോർട്ട് ചെയ്യുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളവും കർണാടകയും പരിശോധന നടത്തുന്നുണ്ട്. ഡോ​ഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന സംഘത്തിലുണ്ട്. വ്യത്യസ്ഥ സംഘങ്ങളായാണ് പരിശോധന. എന്നാൽ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് തിരച്ചിൽ സംഘം പറയുന്നത്.

നിലവിൽ പ്രദേശത്ത് ശരണ്യയ്ക്കായി തിരച്ചിൽ തുടരുകയാണ്. ചെങ്കുത്തായ പ്രദേശമായതിനാലും വന്യജീവികൾ ഇറങ്ങുന്ന സ്ഥലമായതും തിരച്ചിലിന് വെല്ലുവിളിയാണ്. മൂന്നരകിലോമീറ്റർ ദൂരത്തോളമാണ് ട്രക്കിങ്ങ് അനുവദിച്ചിട്ടുള്ളത്. അതിനപ്പുറത്തേക്ക് ആരും പോകാറില്ല. എന്നാൽ‌ ശരണ്യയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ശരണ്യയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ജി എസ് (36) തനിച്ചാണ് ട്രക്കിങ്ങിനായി കുടകിലെത്തിയത്.