പമ്പാനദിയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

ചെങ്ങന്നൂർ ഐഎച്ച്‌ആർഡി എൻജിനീയറിംഗ് കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി മണിമല കറിക്കാട്ടൂർ വയലില്‍ ജയപ്രകാശിന്റെ മകൻ ജോയല്‍ ആന്റണി പ്രകാശിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.

 

ഇന്നലെ വൈകുന്നേരം ആറുമണിയോടെ പമ്പാ നദിയില്‍ മംഗലം പാറക്കടവില്‍ മൂന്നു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജോയല്‍ നീന്തുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ചെങ്ങന്നൂർ ഫയർ ഫോഴ്‌സ് സ്‌കൂബാ-പൊലീസ് സംഘങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ജോയലിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

നദിയുടെ ആഴവും ഇരുട്ടും തെരച്ചലിന് വെല്ലുവിളിയായി. ഇന്ന് വീണ്ടും നടത്തിയ തിരച്ചലില്‍ രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.