കായിക വിഷയങ്ങളിൽ കൂടുതൽ കോഴ്സുകൾ കൊണ്ടുവരും; ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു.

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് കായിക മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ പുതു തലമുറ അക്കാദമിക് കോഴ്സുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ സൂസൻ മേബിള്‍ ഇൻഡോര്‍ സ്റ്റേഡിയം ആന്റ് സ്പോര്‍ട്സ് കോംപ്ലക്സ് പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കായിക മേഖലയില്‍ പ്രതിഭ തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പുതിയ കരിക്കുലം ഫ്രെയിം വര്‍ക്ക് നിര്‍ദേശിക്കുന്നതുപോലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കായിക മേഖലയെക്കുറിച്ചുള്ള അറിവും പരിശീലനവും നല്‍കുന്ന വിധത്തില്‍ കോളജ് തലത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷൻ ഒരു പഠനവിഷയമായി നല്‍കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരികയാണ്.

സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് മെഡിസിൻ, സ്പോര്‍ട്സ് എൻജിനീയറിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പുതു തലമുറ കോഴ്സുകള്‍ ആവിഷ്‌കരിക്കുന്നത് കായിക മേഖലയുടെ വികസനത്തിനും അതോടൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉപകരിക്കും. ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നാലു വര്‍ഷ ബിരുദ കോഴ്സുകളില്‍ കായിക പ്രതിഭകള്‍ക്ക് മികവിന് ആനുപാതികമായി ക്രെഡിറ്റ് നല്‍കാനും തീരുമാനമുണ്ട്.