മലയാളികള്‍ക്ക് കനത്ത തിരിച്ചടി; ക്രിസ്മസ് – പുതുവത്സര സീസണ്‍, വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു: വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരാൻ സാധ്യത

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലം പ്രമാണിച്ച്‌ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചത് മലയാളികള്‍ക്ക് കനത്ത തിരിച്ചടിയായി.

വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്. പ്രധാന നഗരങ്ങളില്‍ നിന്നുള്ള നിലവിലെ നിരക്കുകള്‍ അനുസരിച്ച്‌, ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് 16,000 രൂപ വരെയായി ഉയർന്നു. കോഴിക്കോട്ടേക്കുള്ള ടിക്കറ്റിന്റെ നിരക്ക് പതിനായിരം രൂപ കടന്നു, അതേസമയം കൊച്ചിയിലേക്കുള്ള ടിക്കറ്റിന് 12,000 രൂപയിലേറെ നല്‍കേണ്ടി വരും.

മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റിന് 9,000 രൂപ മുതല്‍ 16,500 രൂപ വരെയും, കോഴിക്കോട്ടേക്ക് 8,000 രൂപ മുതല്‍ 12,000 രൂപ വരെയും നിരക്ക് ഈടാക്കുന്നുണ്ട്.

കൊച്ചിയിലേക്ക് 17,500 രൂപ വരെയായി നിരക്ക് വർധിച്ചിട്ടുണ്ട്. കൂടാതെ, ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 10,000 രൂപയായി ഉയർന്നു.

സീസണിലെ വർദ്ധിച്ച ഡിമാൻഡാണ് ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരാനുള്ള പ്രധാന കാരണം.