തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പില്‍ വരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു.
സർക്കാർ ജീവനക്കാർ, സർവീസ് – കുടുംബ പെൻഷൻകാർ, യുണിവേഴ്സിറ്റികളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെൻഷൻകാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെയും ഗുണഭോക്താക്കളായിരിക്കും.
വർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 687 രൂപ പ്രിമീയം ഇനത്തില്‍ നല്കിയാല് മതി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വർഷം ആകെ നല്‍കേണ്ടത് 8,244 രൂപ മാത്രവും. ഓറിയന്റല്‍ ഇൻഷുറൻസ് കമ്പനിയ്ക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല.
ദേശീയാടിസ്ഥാനത്തില്‍ അംഗീകരിച്ചിട്ടുള്ള ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് 2022 അനുസരിച്ചുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനാല്‍ കൂടുതല്‍ ആശുപത്രികളുടെ സേവനം പദ്ധതിയ്ക്കായി ലഭ്യമാക്കാനാവും. എംപാനല്‍ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കല്‍, സർജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകള്‍ പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനല്‍ ചെയ്യാനുള്ള വ്യവസ്ഥയും പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിദിനം 5,000 രൂപവരെ മുറി വാടക നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ പേ വാർഡ് മുറി വാടക പ്രതിദിനം 2,000 രൂപവരെയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഒരേ സമയം സർജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി.
മെഡിക്കല്‍ പാക്കേജുകള്‍ക്ക് അടിസ്ഥാന നിരക്കിനുപുറമെ വിലകൂടിയ മരുന്നുകള്‍, പരിശോധനകള്‍ എന്നിവയ്ക്ക് പ്രത്യേക തുക നിശ്ചയിക്കുകയും അത് അടിസ്ഥാന നിരക്കിനൊപ്പം ലഭ്യമാക്കുകയും ചെയ്യും. ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടർച്ചയായ ചികിത്സ തേടേണ്ട രോഗങ്ങള്‍ക്ക് ഇൻഷുറൻസ് പോർട്ടലില്‍ ഒരു ഒറ്റത്തവണ രജിസ്ട്രേഷൻ സംവിധാനമൊരുക്കുകയം അതുവഴി സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.
മുട്ട് മാറ്റിവയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ എന്നീ ശസ്ത്രക്രീയകള്‍ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും. നിലവില്‍ അവ സർക്കാർ ആശുപത്രികളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ഒഴിവാക്കും. ശ്രീ ചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് ആൻഡ് ടെക്നോളജി, ജിപ്മർ എന്നീ ആശുപത്രികള്‍ പദ്ധതിയില്‍ എംപാനല്‍ ചെയ്യാത്തപക്ഷം ഈ ആശുപത്രികളില്‍ നടത്തുന്ന ചികിത്സകള്‍ക്ക് മെഡിസെപില്‍ റീഇപേഴ്സമെന്റ് ലഭ്യമാക്കാനുള്ള വ്യവസ്ഥയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പത്ത് അതീവ ഗുരുതര, അവയവ മാറ്റ ശസ്ത്രക്രീയകള്‍ക്കുള്ള അധിക പരിരക്ഷ അടുത്ത ഘട്ടത്തിലും തുടരുന്നതാണ്. ഇതിനായി രണ്ടുവർഷത്തേയ്ക്ക് 40 കോടി രൂപ ഇൻഷുറൻസ് കമ്പനി മാറ്റിവയ്ക്കുന്നുണ്ട്. പുതുക്കിയ പദ്ധതി രണ്ടാം വർഷത്തിലേയ്ക്ക് കടക്കമ്പോള്‍ ചികിത്സാ പാക്കേജ് നിരക്കില്‍ 5 ശതമാനം വർദ്ധന അനുവദിക്കാനും ധാരണയായിട്ടുണ്ട്. റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടാവുന്നതാണ്. ഇതിന്റെ ചെലവ് കമ്പനി മടക്കി നല്‍കും. ഇത്തരത്തില്‍ റീഇപേഴ്സമെന്റ് ആനുകൂല്യത്തിന് പത്ത് അധിക ചികിത്സകള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേർക്കുന്നതിന് പ്രായപരിധി ബാധകമാകില്ല. ഏത് പ്രായത്തിലുള്ളവർക്കും പദ്ധതിയില്‍ അംഗത്വം നല്‍കും. 365 ദിവസവും ദിവസം മുഴുവൻ കാള്‍ സെന്റർ സംവിധാനമുണ്ടാകും. ത്രിതല പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂർണ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കും.
