കേരളം ചുട്ടുപൊള്ളുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ ആറ് സ്റ്റേഷനുകൾ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നിലവിൽ സംസ്ഥാനത്തെ 6 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 5 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം) എന്നിവിടങ്ങളാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊട്ടാരക്കര (കൊല്ലം), കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.