‘സൂചി കുടുങ്ങിയത് കോഴഞ്ചേരി ആശുപത്രിയില്‍വെച്ചാണ് എന്നതിന് തെളിവില്ല’, റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തില്‍ തെളിവില്ലെന്ന് മെഡിക്കല്‍ ഓഫീസറുടെ റിപ്പോർട്ട്.

ചികിത്സയ്ക്കിടെ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ചാണെന്നതില്‍ തെളിവില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

 

ചികിത്സാ പിഴവ് സംഭവിച്ചെന്ന് പറയുന്ന ദിവസങ്ങളില്‍ രോഗിയായ വത്സലയുടെ പേശിക്ക് ഇഞ്ചക്ഷൻ എടുത്തിട്ടില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയ വിവരം. ആ ദിവസങ്ങളില്‍ ഇഞ്ചക്ഷൻ എടുത്തത് ഞരമ്പിനാണെന്നും കണ്ടെത്തി. അതേയമയം, കേസ് കൈകാര്യം ചെയ്യുന്നതില്‍ ഡോക്ടർക്ക് വീഴ്ചയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സൂചി കുടുങ്ങിയ രോഗിയെ വീട്ടിലേക്ക് തിരിച്ചയച്ചെന്നാണ് കണ്ടെത്തല്‍. പകുതി സൂചിയുമായാണ് വത്സലയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും ഉയർന്ന ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരൻ റിപ്പോർട്ട് തേടിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. കുത്തിവെയ്പ്പിനിടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയെന്നായിരുന്നു പരാതി. ഒരു വർഷത്തോളം ശരീരത്തില്‍ സൂചിയുടെ ഭാഗവുമായി കഴിയുന്നതായി പരാതിക്കാരി പറഞ്ഞിരുന്നു. ആറന്മുള സ്വദേശിനി അറുപതുകാരിയായ വത്സലയാണ് പരാതി നല്‍കിയത്.

 

ഒരു വ‍ർഷം മുമ്പ് കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ തന്നെയാണ് താൻ ചികിത്സ തേടിയതെന്നും ചർദ്ദിലിന് ചികിത്സ തേടിയപ്പോഴാണ് കുത്തിവെപ്പ് എടുത്തതെന്നുമാണ് പരാതി. ഇടയ്ക്കിടെ വേദന വരുമായിരുന്നെന്നും ആറ് ദിവസം മുമ്പ് വേദന കലശലായപ്പോള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി. എക്സ്-റേയില്‍ സൂചി ഉള്ളതായി കണ്ടെത്തിയെന്നും സൂചിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുവെന്നും ശരീരം അനങ്ങുമ്പോള്‍ ഇപ്പോള്‍ വലിയ വേദനയാണ്. ഉറങ്ങാൻ കഴിയുന്നില്ല. ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിലെ ചീട്ട് തന്റെ കൈവശം ഇല്ലയെന്നുമാണ് പരാതികാരി വത്സല പറഞ്ഞത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയുടെ ഭാഗം തന്നെയാണെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.