തിരുവനന്തപുരം: ലഹരിവസ്തുക്കള്‍ വ്യാപകമായി വില്‍ക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന 1400-ഓളം സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് പോലീസ്.
ഇവിടെ ശക്തമായ നിരീക്ഷണവും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തും. വിദ്യാലയങ്ങള്‍ക്ക് പരിസരത്തുള്ള കടകളില്‍ രാസലഹരി ഉള്‍പ്പെടെ വില്‍പ്പന നടത്തുന്നതും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സ്പോട്ടുകള്‍ തിരുവനന്തപുരത്താണ്-353. എറണാകുളത്ത് 133, തൃശ്ശൂർ 117. പരിശോധനകള്‍ക്കായി പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. പോലീസ് തയ്യാറാക്കിയിട്ടുള്ള ഡേറ്റാബേസ് ഉപയോഗപ്പെടുത്തി വിതരണക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടികള്‍വഴി വില്‍പ്പന നടത്തുന്നത് തടയാൻ സ്കൂള്‍ പരിസരങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയായിനടന്ന പരിശോധനയില്‍ മാത്രം 3964 പേരാണ് അറസ്റ്റിലായത്.
കേരളത്തിന് പുറത്തുനിന്നുള്ള ലഹരി വരവ് തടയുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിലും തീവണ്ടികളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. മറ്റുജില്ലകളിലെ ലഹരി സ്പോട്ടുകള്‍: കൊല്ലം-95, പത്തനംതിട്ട-34, ആലപ്പുഴ-56, കോട്ടയം-70, ഇടുക്കി-52, പാലക്കാട്-82, മലപ്പുറം-92, കോഴിക്കോട-112, വയനാട്-26, കണ്ണൂർ-66, കാസർകോട്-83.
തലച്ചോറിനെ തകരാറിലാക്കുന്ന എംഡിഎംഎ
ലഹരിവസ്തുക്കളില്‍ ഏറ്റവും അപകടകാരി
ഉന്മാദാവസ്ഥയും വിഭ്രാന്തിയുമുണ്ടാക്കുന്ന ലഹരിവസ്തു
തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കും
20മുതല്‍ 90 മിനിറ്റിനുള്ളില്‍ ലഹരി തലയ്ക്കുപിടിക്കും
മസ്തിഷ്കത്തില്‍ അപകടകരമായ രീതിയില്‍ രാസമാറ്റങ്ങള്‍ സൃഷ്ടിക്കും. വിശേഷബുദ്ധിയെ ഇല്ലാതാക്കും ഡോപമിൻ, സെറട്ടോണിൻ എന്നിവകൂടുതല്‍ ഉത്പാദിപ്പിച്ച് ആനന്ദമുണ്ടെന്നതോന്നല്‍ ഉണ്ടാക്കും
ഡോസ് കൂടുമ്പോള്‍ അഡ്രിനാലിൻ, നോർ അഡ്രിനാലിൻ ഹോർമോണുകള്‍ കൂടുതല്‍ ഉത്പാദിപ്പിക്കും
ശരീര താപനില ഉയരും. ബി.പി. വലിയതോതില്‍ കൂടും. ഇത് മസ്തിഷ്കാഘാതം,ഹൃദയാഘാതം എന്നിവയ്ക്ക് വഴിവെക്കാം.
സ്ഥിരമായ ഉപയോഗം വിഷാദം, പരിഭ്രാന്തി, സൈക്കോസിസ്, പാനിക്ക് അറ്റാക്ക്, സംശയം, ചിന്താപ്രശ്നങ്ങള്‍, അക്രമവാസന എന്നിവയുണ്ടാക്കും.
മോളി, ക്രിസ്റ്റല്‍, എക്സ്റ്റസി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു. ആസക്തി മാറ്റാൻ മരുന്നുകളില്ല
