യുവി ഇന്‍ഡക്‌സ് എട്ടിലെത്തി; മൂന്നാറില്‍ സ്ഥിതി അപകടകരം, നേരിട്ട് വെയില്‍ കൊള്ളരുതെന്ന് മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

കനത്ത ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഇടുക്കി ജില്ലാ കളക്ടര്‍. മൂന്നാറിലെ സ്ഥിതി അപകടകരമാണെന്ന് കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. യുവി ഇന്‍ഡക്‌സ് എട്ടില്‍ എത്തിയതായി കളക്ടര്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയില്‍ കൊള്ളരുത്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ടൂറിസം വകുപ്പിനും ഡിറ്റിപിസിക്കും നിര്‍ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അന്തരീക്ഷത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്നതാണ് യുവി ഇന്‍ഡക്‌സ്. പൂജ്യം മുതല്‍ പതിനൊന്നിന് മുകളിലേക്കാണ് ഇത് രേഖപ്പെടുത്തുന്നത്. അള്‍ട്രാവയലറ്റ് സൂചിക പൂജ്യം മുതല്‍ അഞ്ച് വരെ മനുഷ്യന് ഹാനികരമല്ലാത്ത അളവാണ്. ഇത് ആറ് മുതല്‍ ഏഴ് വരെ എത്തുമ്പോള്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കും. എട്ട് മുതല്‍ പത്ത് വരെ എത്തുമ്പോള്‍ ഓറഞ്ച് അലേര്‍ട്ടും പതിനൊന്നിന് മുകളില്‍ റെഡ് അലേര്‍ട്ടുമാണ് പ്രഖ്യാപിക്കുക.

അതേസമയം സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊതുവിടങ്ങളില്‍ തണ്ണീര്‍ പന്തല്‍ ഉറപ്പാക്കണമെന്നും ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.