കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; മേയറുമായുള്ള കേസിലെ യദുവിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: മുൻ കെ.എസ്.ആർ.ടിസി ഡ്രൈവറായ യദുവും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള കേസില്‍ അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച യദുവിന്റെ ഹ‌‍‌ർജിയില്‍ വിധി ഇന്ന്.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിന്റെ തുടർവാദമാണ് ചൊവ്വാഴ്ച കോടതി പരിഗണിച്ചത്.

കേസ് ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടം അനിവാര്യമാണെന്നാണ് യദുവിന്റെ ആവശ്യം. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയില്‍ ഹാജരാക്കാൻ നിർദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിട്ടുണ്ട്.

മേയർക്കെതിരെ താൻ കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അന്വേഷണമില്ലെന്നും എന്നാല്‍ തനിക്കെതിരെ മേയർ കൊടുത്ത പരാതിയില്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നുവെന്നുമാണ് പരാതി. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.