ഭിന്നശേഷിക്കാരായ കുട്ടികളുടെ സംസ്ഥാന കലോത്സവമായ ‘അവേക്’ മാന്നാനം കെഇ കോളേജിൽ നടന്നു; നടൻ ശ്രീകാന്ത് മുരളി, ഗായിക അഭയ ഹിരൺമയി എന്നിവർ ചടങ്ങ് ഉദ്ഘാടനം ചെയ്തു

മാന്നാനം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സംസ്ഥാന കലോത്സവമായ ‘അവേക്’ മാന്നാനം കെഇ കോളേജിൽ നടന്നു. കെഇ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും സ്റ്റുഡന്റ്സ് അസോസിയേഷനായ ‘അശ്വവും’ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, ഗായിക അഭയ ഹിരൺമയി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എംഎസ്ഡബ്ല്യു ഡിപ്പാർട്മെന്റിന്റെ ആദ്യത്തെ കോഴ്സ് കോ-ഓർഡിനേറ്റർ പ്രഫ. ജെ.ജോണിനെ ആദരിച്ചു. സംസ്ഥാനത്തെ സന്നദ്ധ സേവകരുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറി ‘കേരള കാറ്റലിസ്റ്റ്’ , ഡിപ്പാർട്മെന്റ് 20 വർഷം പിന്നിടുന്നതിന്റെ ഭാഗമായുള്ള സുവനീർ ‘ഡിഗ്നിടസ്’ എന്നിവ പ്രകാശനം നടന്നു.

പങ്കെടുത്ത സ്കൂളുകൾക്കു വിവിധ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ നടനും സംവിധായകനുമായ ബിബിൻ ജോർജ് വിതരണം ചെയ്തു. സ്പെഷൽ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

കെഇ കോളജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് ഫാക്കൽറ്റിയും കോളജ് ബർസാറുമായ ഫാ. ബിജു തോമസ് തെക്കേക്കൂറ്റ്, കോളജ് പ്രിൻസിപ്പൽ ഡോ.ഐസൺ വി. വഞ്ചിപുരയ്ക്കൽ, സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് മേധാവി ഡോ.എലിസബത്ത് അലക്സാണ്ടർ, വൈസ് പ്രിൻസിപ്പൽ ഫാ. ഡോ.സി.എസ്.സേവ്യർ എന്നിവർ പ്രസംഗിച്ചു.