മാനന്തവാടിയില്‍ ഇന്ന് പുലർച്ചെയിറങ്ങിയ കാട്ടാനയെ നിരീക്ഷിക്കുന്നതില്‍ വനം വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് നാട്ടുകാർ ; എസ്‌പിക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനം, കളക്ടറെ തടഞ്ഞു, മാനന്തവാടിയില്‍ വൻസംഘര്‍ഷം

 

വയനാട് : പുലർച്ചെ നാല് മണി മുതല്‍ ജനവാസ മേഖലയില്‍ ആനയുണ്ടായിട്ടും വനം വകുപ്പ് നാട്ടുകാർക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല പനച്ചിയില്‍ സ്വദേശി അജീഷ് കുമാറിന്റെ മൃതദേഹവുമായാണ് നാട്ടുകാർ മാനന്തവാടി ടൗണില്‍ പ്രതിഷേധിക്കുന്നത്.സംഭവത്തെ തുടർന്ന് നാല് താലൂക്കുകളിലായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മൈസൂരു, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുളള റോഡുകള്‍ ഉപരോധിച്ചാണ് നാട്ടുകാ‌ർ പ്രതിഷേധം നടത്തുന്നത്.

 

മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കെത്തിയ എസ്‌പി ടി നാരായണനെ നാട്ടുകാർ വഴിയില്‍ തടഞ്ഞു. ആശുപത്രിയിലേക്ക് നടന്നുപോകാൻ എസ്‌പിയോട് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധ സ്ഥലത്തേക്ക് ജില്ലാ കളക്ടർ രേണു രാജുവും പൊലീസ് സംഘവും എത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികള്‍ നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

 

വളരെയധികം ശക്തമായി വയനാട്ടിലെ ജനങ്ങള്‍ പ്രതിഷേധിക്കുമെന്ന് നാട്ടുകാരിലൊരാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. വയനാട് മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. വനംവകുപ്പിന്റെ ഒരു ഉദ്യോഗസ്ഥൻ പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.ഡിഎഫ്‌ഒ സംസാരിക്കാനായി മുഖം തന്നിട്ടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ നീക്കങ്ങള്‍ ഉണ്ടാകാത്തത് ഖേദകരമായ കാര്യമാണെന്ന് നാട്ടുകാർ പ്രതികരിക്കുന്നു.

 

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടാന അജീഷിനെ ആക്രമിച്ചത്. കർണാടക റേഡിയോ കോളർ പിടിപ്പിച്ച മോഴയാനയാണ് കാടിറങ്ങി ആക്രണം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്ബ് ഈ ആന വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി സ്ഥിരീകരിച്ചിരുന്നു.