മാനന്തവാടിയിൽ 50 കാരനെ വീടിന് സമീപത്തെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ബാങ്ക് വായ്പ ഉൾപ്പെടെ 25 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ

മാനന്തവാടി: എടവക പാതിരിച്ചാല്‍ സ്വദേശി കെ ടി സുനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടിയിലെ സ്റ്റീല്‍ ലാന്‍റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു സുനിൽ.

കടബാധ്യതയെ തുടർന്ന് ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട് നിർമിക്കാനായി എടുത്ത വായ്പയും സ്വകാര്യ വ്യക്തികളിൽ നിന്നു കടം വാങ്ങിയതും ഉൾപ്പെടെ 25 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടെന്ന്‌ സുനിലിന്റെ പിതാവിന്റെ സഹോദരന്റെ മകനും എടവക ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവുമായ ബിനു കുന്നത്ത് പറഞ്ഞു.

മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട്‌ മൂന്നിനു കല്ലോടി സെയ്‌ന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ നടക്കും.