ഭാര്യയെ ബസിൽ കയറ്റിവിട്ട് മടങ്ങിയ ഭർത്താവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍; സംഭവം കാഞ്ഞങ്ങാട്

അധ്യാപികയായ ഭാര്യയെ സ്കൂളിലേക്ക് ബസിൽ കയറ്റിവിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ 52കാരനായ കെഎൻ വേണു ആണ് മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടിൽനിന്നു കാറിൽ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. മുകൾ നിലയിലേക്ക് പോയ വേണുവിനെ കാണാതെ വന്നതോടെ മകൾ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അയൽവാസികളുടെ സഹായത്തോടെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്കൂൾ മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാൽ ലയൺസ് ക്ലബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സരിതയാണ് ഭാര്യ. മക്കൾ: ശങ്കർ, അഞ്ജന.