സൻആ : യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ ബ്രിട്ടീഷ് ചരക്കുകപ്പലിന് സാരമായ തകരാർ സംഭവിച്ചതോടെ ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കത്തില്‍ വീണ്ടും പ്രതിസന്ധി.റൂബിമാർ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടത്തിയത്. മധ്യ അമേരിക്കൻ രാജ്യമായ ബെലീസിന്‍റെ പതാക വഹിച്ചുള്ള കപ്പല്‍ രജിസ്റ്റർ ചെയ്തത് ബ്രിട്ടനിലാണ്. ഗസ്സയില്‍ ഫലസ്തീനികള്‍ക്ക്
നേരെ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ അവസാനിപ്പിക്കാത്തിടത്തോളം ഇസ്രായേലുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു.വളവും അസംസ്കൃത വസ്തുക്കളുമാണ് കഴിഞ്ഞ ദിവസം ആക്രമിച്ച കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് ജീവനക്കാർ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഹൂതികള്‍ ഇതുവരെ നടത്തിയതില്‍ ഏറ്റവും കനത്ത നാശമാണ് കപ്പലിനുണ്ടായതെന്നാണ് വിവരം.
കപ്പല്‍ ചെങ്കടലില്‍ നങ്കൂരമിട്ടിരിക്കുകയാണെന്നും ജീവനക്കാരെല്ലാം സുരക്ഷിതരായി പുറത്തുകടന്നെന്നും യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് അറിയിച്ചു. ചെങ്കടല്‍ വഴിയുള്ള കപ്പലുകള്‍ മുൻകരുതല്‍ സ്വീകരിക്കണമെന്നും സംശയകരമായ സാഹചര്യങ്ങള്‍ റിപ്പോർട്ട് ചെയ്യണമെന്നും ഇവർ അഭ്യർഥിച്ചു.അതേസമയം,
കപ്പല്‍ മുങ്ങാൻ പോകുകയാണെന്ന് ഹൂതി വക്താവ് അവകാശപ്പെട്ടു. ആക്രമണത്തില്‍ കപ്പലിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. യാത്ര നിർത്തിവെച്ചിരിക്കുകയാണ്. കപ്പല്‍ ഏതുനിമിഷവും മുങ്ങാൻ പോകുകയാണ്. കപ്പല്‍ ജീവനക്കാരെല്ലാം സുരക്ഷിതമായി പുറത്തുകടന്നിട്ടുണ്ടെന്ന് ഉറപ്പാക്കിയെന്നും ഹൂതി വക്താവ് പറഞ്ഞു..
