ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി മൂന്ന് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. വിഘ്നേശ് ശിവൻ ഒരുക്കുന്ന ലവ് ഇൻഷുറൻസ് കമ്പനി ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. ഡിസംബറിൽ പുറത്തുറങ്ങാനുള്ള സിനിമയുടെ റിലീസ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ലവ് ഇൻഷുറൻസ് കമ്പനിയുടെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രം വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 12 ന് പുറത്തുവരുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ചിത്രത്തിന്റെ മറ്റു അപ്ഡേറ്റുകൾ ഉടൻ പുറത്തുവരുമെന്നാണ് വിവരം.
ഈ ചിത്രത്തിലൂടെയും പ്രദീപ് അടുത്ത 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഫ്യൂച്ചറിൽ സെറ്റ് ചെയ്ത ഒരു റൊമാന്റിക് കഥയാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഗംഭീര വിഷ്വൽസാകും സിനിമയുടേതെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. അനിരുദ്ധിന്റെ മ്യൂസിക് ആണ് ടീസറിലെ മറ്റൊരു പ്രധാന ആകർഷണം. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥൻ്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന ‘ലവ് ഇൻഷുറൻസ് കമ്പനി’ വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
