ഭർത്താവിന്റെ ബന്ധുവിനായി കരൾ പകുത്തു നൽകി; ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം

ബം​ഗ്ളൂരു: ബന്ധുവിനായി കരള്‍ ദാനം ചെയ്ത യുവതി ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധ കാരണം മരിച്ചു. 33 കാരിയായ അര്‍ച്ചന കാമത്ത് ആണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും പിന്നീട് അര്‍ച്ചനയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു.

സെപ്തംബര്‍ നാലിനാണ് അര്‍ച്ചന കരള്‍ ദാന ശസ്ത്രക്രിയക്ക് വിധേയയായത്. ഏഴ് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി.

എന്നാല്‍, പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അണുബാധ കാരണമാണ് യുവതി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തിങ്കളാഴ്ച കുന്ദാപുരില്‍ അര്‍ച്ചനയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അര്‍ച്ചനയുടെ ഭര്‍ത്താവ്. നാല് വയസുള്ള മകനുണ്ട്.

ഭര്‍ത്താവിന്റെ അമ്മയുടെ സഹോദരിക്ക് വേണ്ടിയാണ് അര്‍ച്ചന കരള്‍ ദാനം ചെയ്തത്. ഒരു ദാതാവിനായി കുടുംബം 18 മാസത്തേലേറെയായി തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് അര്‍ച്ചന സഹായിക്കാനായി തയ്യാറായത്.