കോട്ടയം: ഇരട്ടപ്പാത വന്നിട്ടും റെയില്വേസ്റ്റേഷന് ആധുനിക രീതിയില്‍ നവീകരിക്കപ്പെട്ടിട്ടും കുമാരനല്ലൂരുകാരുടെ യാത്രാദുരിതത്തിന് അറുതിയില്ല. ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകളില്ലാത്തതും ഉള്ളവ നിര്‍ത്താത്തതുമാണ് കുമാരനല്ലൂര്‍, ചിങ്ങവനം പോലുള്ള ചെറിയ സ്റ്റേഷനുകളെ ആശ്രയിക്കുന്നവരെ ദുരിതത്തിലാക്കുന്നത്.
കൃത്യസമയത്ത് ജോലി സ്ഥലത്തെത്തണമെങ്കില്‍ ബസുകള്‍ തന്നെ ആശ്രയം. കുമാരനല്ലൂരില്‍നിന്ന് കയറുന്നവരില്‍ അധികവും സീസണ് ടിക്കറ്റുകാരാണ്. കോവിഡിനു മുമ്പ് പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കുമാരനല്ലൂരില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നു. പിന്നീട് പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളായപ്പോള് സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല.
രാവിലെ 5.15ന് പുറപ്പെടുന്ന നിലമ്പൂര്‍-രാജ്യറാണി എക്സ്പ്രസ്, കായംകുളം-എറണാകുളം മെമു തുടങ്ങിയ ട്രെയിനുകള്‍ നേരത്തെ കുമാരനല്ലൂരില്‍ നിര്‍ത്തിയിരുന്നു. ഇത് നിർത്തലാക്കിയതോടെ നിരവധി തവണ യാത്രക്കാര്‍ ആവശ്യമുന്നയിച്ചെങ്കിലും അധികൃതര്‍ കേട്ട മട്ടില്ല.
മെഡിക്കല്‍ കോളേജ്, എംജി യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് നിരവധി പേരാണ് ദിനവും എറണാകുളം ഭാഗത്തേക്കു യാത്ര ചെയ്യുന്നത്. രാവിലെ എറണാകുളത്തേക്ക് 6.28ന്റെ ട്രെയിന്‍ കഴിഞ്ഞാല്‍ പിന്നീട് 10.05നാണ് മറ്റൊരു ട്രെയിന്‍.
ഇതിനിടയിലുള്ള സമയം യാത്രക്കാര്‍ക്ക് എറണാകുളത്തെത്തണമെങ്കില്‍ കോട്ടയം സ്റ്റേഷനില്‍ വരണം. ഇവിടെയെത്തിയാല്‍ ഏഴിനു പാലരുവിയും 8.30നു വേണാടും മാത്രം. ഈ ട്രെയിനുകളിൽ കാല്കുത്താന് പോലും ഇടമില്ലാത്ത അവസ്ഥയാണ്.
രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയത്ത് കൂടുതല്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കുകയും കുമാരനല്ലൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്താല്‍ സാധാരണക്കാരായ യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരമാകും. അടുത്തിടെയാണ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്. എന്നാൽ, അതിന്റെ പ്രയോജനം യാത്രക്കാര്‍ക്കു ലഭിക്കുന്നില്ലെന്നാണ് പരാതി.
