ന്യൂഡല്‍ഹി: കണ്ണൂര്‍ സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും പാര്‍ട്ടിയുമായി പോരിനില്ലെന്ന് കെ സുധാകരന്‍ എംപി.
താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി വിട്ട് ഒരിടത്തും പോകില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മത്സരിക്കാന്‍ തയ്യാറല്ലെന്നും പാര്‍ട്ടി എത്രയോ വലുതാണെന്നും താന്‍ വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. ഒരുതരത്തിലും പാര്‍ട്ടിയെ വെല്ലുവിളിക്കാതെ പ്രവര്‍ത്തന രംഗത്ത് സജീവമായി തുടരുമെന്നും പാര്‍ട്ടി തന്നെ പുറത്താക്കിയിട്ടില്ലെന്നും സുധാകരന്‍ ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
നാല് ദിവസങ്ങളായി പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് കെ സുധാകരന് നേതൃത്വത്തിന് വഴങ്ങിയത്. എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സുധാകരനെ നേരിട്ട് വിളിച്ച് അനുനയിപ്പിച്ചത്. ദിവസങ്ങളോളമായി കണ്ണൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെപ്പോലും ബാധിച്ചിരുന്നു. മത്സരിക്കുമെന്ന് 110 ശതമാനം ഉറപ്പെന്ന് സുധാകരന്‍ പറഞ്ഞത് മുതലാണ് തര്‍ക്കം ആരംഭിച്ചത്. നിയമസഭയില്‍ സീറ്റ് നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്.
ഇപ്പോള്‍ സീറ്റില്ലെങ്കിലും പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്ന മുന്‍ കെപിസിസി അദ്ധ്യക്ഷന്റെ പ്രസ്താവന സംസ്ഥാന നേതൃത്വത്തിനും വലിയ ആശ്വാസമാണ് നല്‍കുന്നത്. 29 സീറ്റുകളില്‍ തനിക്ക് അനുയായികളുണ്ടെന്നും ഇവരെല്ലാം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായി തന്നെ രംഗത്തുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.
