തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ജനങ്ങളോട് ഏറ്റവും അടുത്തുനില്ക്കുന്ന, സര്‍ക്കാരിന്‍റെ ഒരു മുഖമാണ്. അതിനാല്‍ ഇത്തരം വകുപ്പുകള്‍ സുതാര്യമാകണം. ഇതിലെ ക്രമക്കേടുകള്‍ കണ്ടെത്തി പരിഹരിക്കണം. സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ സൂക്ഷ്മമായ കണക്കുകള്‍ വരെ സൂക്ഷിക്കണം. ഓരോ ദിവസവും കൃത്യമായ കണക്ക് വേണമെന്നും മന്ത്രി പറഞ്ഞു.
ശുദ്ധജലത്തില്‍ അല്പം അഴുക്കുവെള്ളം ഒഴിച്ചാല്‍ എല്ലാം ചീത്തയാകും. അതാണ് കെഎസ്‌ആര്‍ടിസിക്ക് പറ്റിയത്. മോഷണം, സാമ്ബത്തിക അപഹരണം എന്നിവയൊന്നും കെഎസ്‌ആര്‍ടിസിയില്‍ അനുവദിക്കില്ല. ഇതില്‍ നിന്ന് സാമ്ബത്തികനേട്ടമുണ്ടാക്കാം എന്ന് ആരും സ്വപ്നം കാണുകപോലും വേണ്ട. പണം ചോരാനുള്ള എല്ലാ വഴികളും അടയ്ക്കും. അത് ആരെയും ഉപദ്രവിക്കലോ ഭീഷണിയോ ഒന്നുമല്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
സമരങ്ങള്‍ ചെയ്താല്‍ ഇന്ന് പാടേ നശിച്ചുപോകുകയേ ഉള്ളൂ. സഹകരിച്ചാല്‍ ചിലപ്പോള്‍ നമുക്ക് വിജയിക്കാൻ കഴിയും. സഹകരിക്കുന്നതിനു പകരം വാശിയോടെ രാഷ്ട്രീയലാഭത്തോടെ സമരം ചെയ്താല്‍ അനുഭവിക്കാൻ പോകുന്നത് തൊഴിലാളികളായിരിക്കും. ജനങ്ങള്‍ക്ക് ഇതല്ലെങ്കില്‍ ഗതാഗതത്തിന് മറ്റൊരു സംവിധാനം ലഭിക്കും.
ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെഎസ്‌ആര്‍ടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. കോര്‍പറേഷനെ സ്വയംപര്യാപ്തതയില്‍ എത്തിക്കുക എളുപ്പമല്ല. എന്നാല്‍ തൊഴിലാളിദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും ഗണേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
