കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് യാത്രക്കാരുടെ ക്രൂര മർദ്ദനം; സംഭവം എറണാകുളത്ത്, പോലീസ് കേസെടുത്തു

എറണാകുളം : എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ ചേർത്തല ചന്ദിരൂർ സ്വദേശി 40കാരനായ അനീഷ് കെഎയ്ക്കാണ് മർദ്ദനമേറ്റത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂൺ 14ന് രാത്രി 7.50ഓടെയാണ് സംഭവം നടന്നത്.

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ജെഎൻ-475 എന്ന എസി ലോ ഫ്ലോർ ബസിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ബസിൽ മറ്റൊരു യാത്രക്കാരൻ റിസർവ് ചെയ്‌ത സീറ്റിലിരുന്ന യാത്രക്കാരനോട് അനീഷ് മാറിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ റിസർവേഷൻ ടിക്കറ്റ് എടുത്ത് വരാനും കണ്ടക്ടർ പറഞ്ഞു. ഇത് കേട്ട് പ്രകോപിതനായാണ് 2 യാത്രക്കാർ ആക്രമിച്ചതെന്നാണ് അനീഷിൻ്റെ പരാതിയിൽ ആരോപിക്കുന്നത്.

മൂക്കിനിടിച്ചതിനെ തുടർന്ന് നിലത്തുവീണ അനീഷിനെ പ്രതികൾ നെഞ്ചിന്റെ ഇടതുഭാഗത്തും മുഖത്തും തലയുടെ ഇടതുഭാഗത്തും ക്രൂരമായി മർദ്ദിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. സർക്കാർ ജീവനക്കാരനായ അനീഷിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിന് പിന്നാലെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അനീഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.