സെന്‍സസ്; കോട്ടയം ജില്ലയില്‍ സെല്‍ഫ് എന്യുമറേഷന്‍ തുടങ്ങി; ജൂണ്‍ 30 വരെ വിവരങ്ങൾ രേഖപ്പെടുത്താം

കോട്ടയം: ദേശീയ സെന്‍സസിന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു.

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് അദ്ദേഹത്തിന്റെ വസതിയില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ സാന്നിധ്യത്തില്‍ സെല്‍ഫ് എന്യുമേറഷന്‍ നടത്തി. അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍ പി.എ. അമാനത്ത്, സെന്‍സസ് മാസ്റ്റര്‍ ട്രെയിനര്‍ എം.അരുണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു..

തുടര്‍ന്ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സെല്‍ഫ് എന്യുമറേഷന്‍ നടത്തി.

സെല്‍ഫ് എന്യുമറേഷനില്‍ എല്ലാ ജീവനക്കാരും പങ്കുചേരണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണിയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.

https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ കുടുംബങ്ങള്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30 വരെ സൗകര്യമുണ്ടാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്‍കാന്‍ കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.