കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ലാഭത്തിലേക്ക്;2021 നംവബറില്‍ തുടങ്ങിയ ബജറ്റ് ടൂറിസം കോടികളുടെ വരുമാനമാണ് നേടിയെടുത്തത്

 

കോട്ടയം : കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസത്തിനു ലാഭക്കൊയ്ത്ത്. ഓരോ ദിവസവും കെഎസ്‌ആര്‍ടിസി പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്‌ആര്‍ടിസി യാത്രയൊരുക്കുന്നുണ്ട്.

ആനവണ്ടിയിലെ യാത്രയില്‍ മൂന്നാറാണ് സൂപ്പര്‍ഹിറ്റ്. ഗ്രൂപ്പായും ഒറ്റയ്ക്കും മുന്‍കൂട്ടി ബുക്ക് ചെയ്തു യാത്രചെയ്യാം. ബജറ്റ് ടൂറിസത്തിനു ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതും ലാഭകൊയ്ത്തിനു കാരണമായിട്ടുണ്ട്.വരുമാനത്തിനപ്പുറം സാധാരണക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്രാനുഭവം സാധ്യമാക്കുകയാണു കെഎസ്‌ആര്‍ടിസിയുടെ ലക്ഷ്യം.

 

അതുതന്നെയാണ് ഈ പാക്കേജുകളെ ജനപ്രിയമാക്കിയതും.ചതുരംഗപ്പാറയിലേക്കുള്ള ആനവണ്ടി ഉല്ലാസയാത്ര ഇന്നു കോട്ടയം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഗവിയിലേക്ക് ഏഴിനും കോന്നി-കുംഭാവുരുട്ടി-അടവി എന്നിവിടങ്ങളിലേക്ക് പത്തിനും മലക്കപ്പാറയിലേക്ക് പതിനൊന്നിനുമാണു യാത്രയൊരുക്കിയിരിക്കുന്നത്. രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകള്‍.കോന്നി-കുംഭാവുരുട്ടി-അടവി: 600, മലക്കപ്പാറ 720 എന്നിങ്ങനെയാണു നിരക്കുകള്‍. ഗവിയിലേക്ക് ഒരാള്‍ക്ക് 1,650 രൂപയാണ്. ഇതില്‍ എന്‍ട്രിപാസ്, ബോട്ടിംഗ്, ഉച്ചയൂണ് എന്നിവയും ഉള്‍പ്പെടും.

ടിക്കറ്റിതര വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി 2021-ലാണ് കോട്ടയത്തുനിന്ന് യാത്രകള്‍ ആരംഭിക്കുന്നത്. ഇതിനകം നൂറിലധികം സര്‍വീസ് കോട്ടയത്തുനിന്ന് മാത്രം പൂര്‍ത്തിയായിട്ടുണ്ട്. ചതുരംഗപ്പാറയും ഗവിയും കൂടാതെ വട്ടവട, ആഴിമല എന്നിവിടങ്ങളിലേക്കും 15-നുള്ളില്‍ ഇവിടെനിന്ന് യാത്ര നിശ്ചയിച്ചിട്ടുണ്ട്.