കോഴിക്കോട്: സംസ്ഥാനത്തെ ഫുട്ബോള്‍ ആരാധകർക്ക് കർശന ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി.
കളി ആവേശം അതിരുവിടരുതെന്നും വൈദ്യുതി ലൈനുകള്‍ക്ക് സമീപം കൊടികളും ഫ്ലെക്സുകളും ബാനറുകളും സ്ഥാപിക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്കി.
പലയിടങ്ങളിലും ഫുട്ബോള്‍ ആരാധകര്‍ ഫ്ലെക്സുകള്‍, ബാനറുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ റോഡിന് കുറുകെയും വൈദ്യുതി ലൈനുകള്‍ക്ക് സമീപവും സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ഇത് തികച്ചും അപകടകരമാണെന്ന് കെഎസ്ഇബി പറഞ്ഞു.
കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനുകളുമായി സമ്പര്‍ക്കമുണ്ടായാല്‍, അത് ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
കൂടാതെ ശക്തമായ കാറ്റിലും മഴയിലും ഇവ വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നതിലൂടെ വൈദ്യുതി തടസ്സമുണ്ടാകാനും ജനങ്ങളുടെ സുരക്ഷ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.
തികഞ്ഞ ജാഗ്രത വേണമെന്നും വൈദ്യുതിസംബന്ധമായ എന്തെങ്കിലും അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
