കെഎസ്‌ഇബി; പത്താം ക്ലാസ് തോറ്റവര്‍ക്ക് ഇനി നിയമനമില്ല: അടിസ്ഥാന യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് ഇനി കെഎസ്‌ഇബിയില്‍ നിയമനമില്ല.

പത്താം ക്ലാസ് തോറ്റവര്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന തസ്തികകളിലിരിക്കുന്നു എന്ന പരാതി മാറ്റാന്‍ ഒരുങ്ങുകയാണ് പിഎസ്സി. പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കു മാത്രം പരീക്ഷയെഴുതാവുന്ന തസ്തികകള്‍ കെഎസ്‌ഇബിയില്‍ ഇനിയുണ്ടാകില്ല.

പകരം അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കും.
ഇതുള്‍പ്പെടെ കെഎസ്‌ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്‌പെഷല്‍ റൂളിന് പിഎസ്സി മൂന്നു മാസത്തിനകം അംഗീകാരം നല്‍കുമെന്നാണു പ്രതീക്ഷ.

സ്‌പെഷല്‍ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവര്‍ക്കു മാത്രമായിരിക്കും ഇവ ബാധകം. മാത്രമല്ല കെഎസ്‌ഇബിയിലെ ഭീമമായ ശമ്പള സ്‌കെയിലിനെ കുറിച്ച്‌ വ്യാപകമായ ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷല്‍ റൂള്‍ പ്രാബല്യത്തിലായ ശേഷം ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പള സ്‌കെയിലും കുറച്ചേക്കും.