കണ്ണൂർ : അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം, ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുകയാണ്.
അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നായിരുന്നു കെ.എസ്. ചിത്രയുടെ വീഡിയോ സന്ദേശം. കെഎസ് ചിത്രയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നിറയുന്നതിനിടെ ചിത്രയെ പിന്തുണച്ച ഗായകൻ ജി. വേണു ഗോപാലിനെതിരെയും സൈബറിടത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ജി വേണുഗോപാല്‍ പറയുന്നത്ര നിഷ്കളങ്കമല്ല കാര്യങ്ങളെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ചിത്രയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമായിരുന്നു കെ.എസ്.ചിത്ര ആവശ്യപ്പെട്ടത്. ഈ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. അയോധ്യയില്‍ നിന്നുള്ള അക്ഷതം ചിത്ര ഏറ്റുവാങ്ങുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെ ചിത്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇടത് പ്രൊഫൈലുകളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നു. ചിത്രയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.
ചര്‍ച്ചകള്‍ കടുത്തതോടെയാണ് ഗായകൻ ജി.വേണുഗോപാല്‍ ചിത്രയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ലെന്നും ഈ വിഷയത്തില്‍, ഭക്തി മാത്രമാണ് പ്രതിഫലിച്ചത് എന്നുമായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്.
