കേരളത്തില്‍ വീണ്ടും റെയില്‍ സമരം…! അതിവേഗ പദ്ധതിക്കെതിരെ കെ-റെയില്‍ വിരുദ്ധ സമിതി രംഗത്ത്; പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സമിതി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അതിവേഗ റെയില്‍വേ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം ആരംഭിച്ചതോടെ, ശക്തമായ പ്രതിഷേധവുമായി കെ-റെയില്‍ വിരുദ്ധ സമരസമിതി രംഗത്ത്.

പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി കണ്‍വീനര്‍ എസ്. രാജീവന്‍ വ്യക്തമാക്കി.

‘മെട്രോമാന്‍’ ഇ. ശ്രീധരന്റെ സഹകരണത്തോടെ പുതിയ അതിവേഗ റെയില്‍ പദ്ധതി തയ്യാറാക്കാനാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുന്‍പ് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരസമിതിക്കൊപ്പം ചേര്‍ന്ന് യു.ഡി.എഫ് വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

സമരസമിതി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളും നിലപാടുകളും:

കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ ഒരു തരത്തിലുള്ള അതിവേഗ പാതയും കേരളത്തില്‍ അനുവദിക്കില്ല.

കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ റെയില്‍പാത ഇരട്ടിപ്പിക്കല്‍ മാത്രമാണ് പ്രായോഗികം.

ഇപ്പോഴുള്ള ബ്രോഡ്‌ഗേജ് സംവിധാനം നിലനിര്‍ത്തിയാല്‍ മതിയാകും. സ്റ്റാന്‍ഡേര്‍ഡ് ഗേജിലേക്കോ സ്റ്റാന്‍ഡേര്‍ഡ് എലോണ്‍ രീതിയിലേക്കോ മാറേണ്ട യാതൊരു സാഹചര്യവുമില്ല.

കേരളത്തില്‍ നിലവിലെ പാതകളില്‍ തന്നെ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് വന്ദേ ഭാരത് ട്രെയിനുകള്‍ തെളിയിച്ചിട്ടുണ്ട്.