ശബരിമല സ്വര്‍ണക്കൊള്ള; കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സെല്ലില്‍ ചികിത്സയില്‍ ആയിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്.

 

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ എസ്.പി. മെഡിഫോർട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കേസിലെ പതിനൊന്നാം പ്രതിയായ ശങ്കരദാസ്. 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ശങ്കരദാസിനെ ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ പതിനാലിനാണ് ആശുപത്രിയിലെത്തി എസ്‌ഐടി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കെ പി ശങ്കരദാസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്.