കോട്ടയം പാമ്പാടിയിൽ സ്വകാര്യ ബസ്സിൽ മാല മോഷണം;ഒരു പവനിലധികം തൂക്കം വരുന്ന മാല മോഷ്ടിച്ച ശേഷം ജ്വല്ലറിയിൽ വിറ്റു; മീനടം സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്ത് പാമ്പാടി പോലീസ്

പാമ്പാടി: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ ബാഗിൽ മാല മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. പുതുപ്പള്ളി ആ‍ഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്ന മീനടം സ്വദേശിനി പുളിമൂട്ടിൽ മിനി തോമസിനെ പൊലീസ് കയ്യോടെ പൊക്കി.

മണർകാട് നിന്ന് മേരീമാതാ എന്ന ബസ്സിൽ കയറിയ കൂരോപ്പട മാക്കൽപടി സ്വദേശിനിയായ മഞ്ജുവിൻ്റെ ഏകദേശം ഒരു പവൻ വരുന്ന മാലയാണ് ബാഗിൽ നിന്നും മോഷ്ടിച്ചത്. മോഷ്ടിച്ച മാല കോട്ടയത്തുള്ള ജ്വല്ലറിയിൽ 65,000 രൂപയ്ക്ക് വിൽക്കുകയും ചയ്തു.

മൂത്ത മകളുടെ പണയം ഇരിക്കുന്ന മാല അയൽക്കൂട്ടത്തിൽ നിന്നും എടുത്ത ലോൺ ഉപയോഗിച്ച് തിരികെ എടുത്തു കൊണ്ട് വരുമ്പോൾ ആണ് മോഷണം നടന്നത്. വീട്ടിലെത്തിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം മഞ്ജു അറിയുന്നത്.

തുടർന്ന് പാമ്പാടി പോലീസിൽ പരാതി നൽകി. ഉടൻ തന്നെ പ്രതിയെ കണ്ടെത്താൻ പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് നിർദ്ദേശം നൽകി.

സംഭവത്തിൽ ഉടൻതന്നെ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് ആന്വേഷണം ആരംഭിച്ചു. പ്രതിയെ പാമ്പാടി പൊലീസ് 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു. ലഹരി കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകൾക്ക് തുമ്പ് ഉണ്ടാക്കിയവരാണ് പാമ്പാടി പോലീസിൻ്റെ സ്ക്വാഡ്.

കേസ് അന്യേഷണത്തിൽ സ്റ്റേഷൻ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐ ശാന്തി കെ ബാബു, എസ്ഐ ജോജൻ ജോർജ്, എസ് സി പി ഒ സുമീഷ് , എസ് സി പി ഒ നിഖിൽ, സിപിഒ ശ്രീജിത്ത് എ ആർ എന്നിവർ ഉണ്ടായിരുന്നു.