കോട്ടയം മുണ്ടക്കയം കല്ലേപ്പാലത്തിൽ അപകടസാധ്യത വർദ്ധിക്കുന്നു; പാലത്തിന് സമാന്തരമായി നടപ്പാത വേണമെന്ന് ആവശ്യവുമായി പ്രദേശവാസികൾ

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയിലെ പ്രധാന പാലമായ കല്ലേപ്പാലത്തില്‍ അപകടസാധ്യത വർധിക്കുന്നു.

ദേശീയപാതയായതു കൊണ്ടുതന്നെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും ഈ പാലത്തിലൂടെ കടന്നുപോകുന്നത്. എന്നാല്‍, വർഷങ്ങള്‍ക്കു മുമ്ബ് നിർമിച്ച പാലത്തിന് വീതി കുറവായതുമൂലം സമാന്തരമായി നടപ്പാത വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്. രണ്ട് വലിയ വാഹനങ്ങള്‍ ഒരേസമയം പാലത്തിലൂടെ കടന്നുപോയല്‍ കാല്‍നടയാത്രക്കാർക്ക് നില്‍ക്കാൻ പോലും സ്ഥാനമില്ലാത്ത അവസ്ഥയാണുള്ളത്.

‌സമീപത്തെ രണ്ടു സ്കൂളില്‍ നിന്നായി ആയിരത്തോളം വിദ്യാർഥികളാണ് രാവിലെയും വൈകുന്നേരവും പാലത്തിലൂടെ കടന്നുപോകുന്നത്. ഇതുകൂടാതെ പ്രദേശവാസികളായ നിരവധി പേരും സഞ്ചരിക്കുന്നത് ഈ പാലത്തിലൂടെയാണ്. സ്കൂള്‍ അധികൃതർ വിദ്യാർഥികളോട് പാലത്തിലൂടെ സഞ്ചരിക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് ഓർമിപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും കുട്ടികള്‍ ശ്രദ്ധിക്കാറില്ല. ഇത് അപകട സാധ്യത വർധിപ്പിക്കുകയാണ്.

കല്ലേപ്പാലത്തില്‍ സമാന്തരമായി നടപ്പാത നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമായതിനാല്‍ രണ്ട് നിയോജകമണ്ഡലങ്ങളാണ് ഇരുകരയിലുമുള്ളത്. ഇവിടുത്തെ ജനപ്രതിനിധികളില്‍ പലരും പലതവണ സമാന്തര നടപ്പാത നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.

കൂടാതെ പാലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ജലവിതരണ വകുപ്പിന്‍റെയും ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെയും പൈപ്പുകള്‍ അപകട സാധ്യത വർധിപ്പിക്കുകയാണ്. പലപ്പോഴും വിദ്യാർഥികള്‍ ഇതില്‍ മുകളിലൂടെ കയറി നടക്കുന്നതും റോഡിലേക്ക് തെന്നിവീണ് അപകടം സംഭവിക്കുന്നതും പതിവാണ്.

കല്ലേപ്പാലത്തിന് സമാന്തരമായി ഒരു വശത്തുകൂടി നടപ്പാത നിർമിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരമാകും.