കോട്ടയം : കാരിത്താസ് ആശുപത്രിക്ക് സമീപം എം.സി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം.
101 കവല സ്വദേശി തങ്കപ്പനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
കാരിത്താസിന് സമീപത്തെ സ്വകാര്യ ഭൂമിയിൽ നിന്നും മണ്ണുമായി റോഡിലേക്ക് ഇറങ്ങിയ ടിപ്പർ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയും കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിലത്ത് വീണ കാൽനടയാത്രക്കാരന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി മരണം സംഭവിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ ഓടി രക്ഷപെട്ടു.
മരിച്ച തങ്കപ്പന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.
