കണ്ണൂർ: കണ്ണൂരില്‍ ട്രെയിനില്‍ കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ കള്ളപ്പണവുമായി ഒരാള്‍ പിടിയില്‍. കോട്ടയം സ്വദേശി സബിൻ ജലീലാണ് പിടിയിലായത്. കണ്ണൂർ റെയില്‍വേ പോലീസിന്റെ മിന്നല്‍ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
മംഗലാപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കോയമ്പത്തൂർ എക്സ്പ്രസിലായിരുന്നു സബിൻ ജലീലിന്‍റെ യാത്ര. ജനറല്‍ കോച്ചില്‍ ആർക്കും സംശയം തോന്നാതെയുള്ള യാത്രയായിരുന്നു ജലീലിന്‍റേത്. പക്ഷേ കയ്യിലെ ബാഗില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 40 ലക്ഷത്തിന്റെ കള്ളപ്പണമായിരുന്നു.
പയ്യന്നൂരിനും കണ്ണൂരിനും ഇടയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോട്ടയം സ്വദേശി സബിൻ ജലീല്‍ കെണിയില്‍ ആയത്. രേഖകള്‍ ഇല്ലാതെ മംഗലാപുരത്ത് നിന്നും കോട്ടയത്തേക്ക് അനധികൃതമായി പണം കടത്തുകയായിരുന്നു ലക്ഷ്യം.
കണ്ണൂർ റെയില്‍വേ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശനിയാഴ്ച ഉച്ചയോടെ പ്രതി പിടിയിലായി. പണത്തിന്‍റെ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
