കോട്ടയം വാകത്താനത്ത് ട്യൂഷൻ കഴിഞ്ഞെത്തുന്ന സഹോദരിയെ കൂട്ടിക്കൊണ്ടു പോകാൻ വഴിയോരത്ത് കാത്തുനിന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് വാകത്താനം പോലീസ്

കോട്ടയം: ട്യൂഷൻ കഴിഞ്ഞെത്തുന്ന സഹോദരിയെ കൂട്ടിക്കൊണ്ടുപോകാൻ വഴിയോരത്തുനിന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിൽ വാകത്താനം പോലീസ് അന്വേഷണമാരംഭിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ വാകത്താനം മുടിത്താനംകുന്നിലായിരുന്നു സംഭവം. സഹോദരിയെക്കാത്ത് വഴിയോരത്ത് നിൽക്കുന്നതിനിടെ വാഹനം അടുത്തുനിർത്തി അപരിചിതനായ ആൾ കുട്ടിയുടെ കൈയിൽ പിടിക്കുകയും ബലമായി കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു.

ഇതോടെ കുതറിയോടിയ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം നാട്ടിലറിയുന്നത്. വീട്ടുകാരും സമീപവാസികളും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ വാകത്താനം പോലീസിൽ പരാതി നൽകി.

വിവരം നാട്ടിൽ പരന്നതോടെ പരിഭ്രാന്തരായ രക്ഷിതാക്കളിൽ പലരും കുട്ടികളെ ശനിയാഴ്ച വീടിനുപുറത്തിറക്കിയില്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് വാകത്താനം പോലീസ് പറഞ്ഞു.